chithari-ustad (1)

സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ് ചിത്താരി ഉസ്താദിന്

ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് മഅ്ദിൻ അക്കാദമി നൽകുന്ന സയ്യിദ് അഹ്മദുൽ ബുഖാരി അവാർഡ്, കൻസുൽ ഉലമ ചിത്താരി ഹംസ ഉസ്താദിന്. അറബി ഭാഷക്ക് നൽകിയ സേവനവും സംഭാവനയും പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. മദ്‌റസാപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും മതഭൗതിക വിദ്യാഭ്യാസം പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിനും അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ പ്രശംസനീയമാണ്.
1939ൽ തളിപ്പറമ്പിലെ പട്ടുവത്താണ് ഹംസ മുസ്‌ലിയാരുടെ ജനനം. പട്ടുവം അഹമ്മദ് കുട്ടി പിതാവും നഫീസ ബീവി മാതാവുമാണ്. അന്നത്തെ ഇ.എസ്.എൽ.സി യാണ് ഭൗതിക പഠനം. 1965ൽ ദയൂബന്ദ് ദാറുൽ ഉലൂമിൽ നിന്ന് മതപഠനത്തിൽ ബിരുദം നേടി. കണ്ണിയത്ത് അഹമ്മദ്മുസ്‌ലിയാർ, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാർ, കൂട്ടിലങ്ങാടി ബാപ്പുമുസ്‌ലിയാർ, പി.എ അബ്ദുള്ള മുസ്‌ലിയാർ എന്നിവരാണ് പ്രധാനഗുരുനാഥൻമാർ. മാട്ടൂൽ, ബേദാമ്പ്ര, ചിത്താരി, തുരുത്തി, കോട്ടിക്കുളം എന്നിവിടങ്ങളിലും വളരെക്കാലം ജാമിഅ സഅദിയ്യയിലും മുദരിസായിരുന്നു. 1971ൽ കണ്ണൂർ ജില്ലാ സമസ്തയുടെ ജോയിന്റ് സെക്രട്ടറിയായും 1984ൽ തളിപ്പറമ്പ് സംയുക്ത ഖാളിയായും തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലാ അറബിക് കോളജ് ആലോചനാ സമിതി അംഗവും ജാമിഅസഅദിയ്യയുടെ പ്രാരംഭം മുതൽ 1995വരെ ജനറൽ സെക്രട്ടറിയുമായി. സമസ്തകേരള സുന്നിയുവജനസംഘം സ്‌റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട്, സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി, സ്‌റ്റേറ്റ് പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു. സമസ്ത സെക്രട്ടറി, എസ്.വൈ.എസ് സുപ്രീം കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ച അദ്ദേഹം ജാമിഅസഅദിയ്യ, മർകസുസ്സഖാഫത്തിസ്സുന്നിയ്യ എന്നിവയുടെ കമ്മറ്റിയിലും വിദ്യാഭ്യാസ ബോർഡുകളിലും അംഗമായിരുന്നു. കേരളത്തിലെ പ്രശസ്ത മത-ഭൗതിക കലാലയമായ അൽമഖർറുസ്സുന്നിയ്യയുടെ സ്ഥാപകനും പ്രസിഡണ്ടും കൂടിയാണ്. കൻസുൽ ഉലമ എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഉസ്താദ് ഇന്ന് കണ്ണൂർ ജില്ലാ സംയുക്ത ഖാളിയും, ഇസ്‌ലാമിക് എഡ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ട്രഷറർ എന്നീ സ്ഥാനങ്ങൾ കൂടി വഹിച്ചു വരുന്നു. അവാർഡ് ദാനം ജനുവരി ഏഴിന് സ്വലാത്ത് നഗറിൽ ആയിരങ്ങൾ സംബന്ധിക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് നടക്കും. പ്രമുഖ സാദാത്തുക്കൾ, പണ്ഡിതർ, ഉമറാക്കൾ എന്നിവർ സംബന്ധിക്കും

%d bloggers like this: