സംസ്ഥാന തല ഹജ്ജ് ക്യാന്പിന് സ്വലാത്ത് നഗറില്‍ സമാപനം

മലപ്പുറം: ഹജ്ജ്ഉംറ തീര്‍ത്ഥാടകര്‍ക്കായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച സംസ്ഥാന തല ഹജ്ജ് ക്യാന്പിന് പ്രാര്‍ത്ഥനാ ധന്യതയോടെ സമാപനമായി. പതിനായിരത്തോളം പേര്‍ ഒരു പകല്‍ മുഴുവന്‍ വിശുദ്ധതീര്‍ത്ഥാടനത്തിന്‍റെ അകപ്പൊരുളുകളിലൂടെ സഞ്ചരിച്ച വേദിയില്‍ പ്രായോഗിക പരിശീലനവും പ്രാര്‍ത്ഥനാ മജ്ലിസും ശ്രദ്ധേയമായി.
രാവിലെ എട്ടിന് അബൂബക്കര്‍ സഖാഫി അരീക്കോടിന്‍റെ സ്വാഗത ഭാഷണത്തോടെ തുടങ്ങിയ പരിപാടി വൈകുന്നേരം അഞ്ചിനാണ് അവസാനിച്ചത്. പതിറ്റാണ്ടിലധികം കാലമായി ഹജ്ജ് അമീറായി പ്രവര്‍ത്തിക്കുന്ന ഇബ്റാഹീം ബാഖവി മേല്‍മുറി ഹജ്ജ് അനുഷ്ഠാന കര്‍മങ്ങളെപ്പറ്റി ക്ലാസെടുത്തു. പ്രത്യേകം തയ്യാര്‍ ചെയ്ത കഅ്ബയുടെ മാതൃകയുടെ സഹായത്തോടെയുള്ള പ്രായോഗിക പരിശീലനം വിശ്വാസികള്‍ക്ക് ഏറെ ഉപകാരപ്രദമായി.
സമാപന വേദിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തിലുള്ള സമാപന പ്രാര്‍ത്ഥനയും സന്ദേശ പ്രഭാഷണവും നടത്തി. യാത്രയിലും വിശുദ്ധ ഭൂമിയിലും ജീവിതത്തലെന്പാടും തുണയാവുക അല്ലാഹുവിനോടുള്ള തേട്ടവും അവന്‍റെ അനുഗ്രഹവുമാണെന്ന ഖലീല്‍ തങ്ങളുടെ ഉദ്ബോധനം നെഞ്ചിലേറ്റിയാണ് അല്ലാഹുവിന്‍റെ അതിഥികള്‍ മഅ്ദിന്‍ കാന്പസില്‍ നിന്ന് തിരിച്ചു പോയത്.
ക്യാന്പ് അംഗങ്ങളെ സ്വീകരിക്കാനും സൗകര്യവും സഹായവുമൊരുക്കാനുമുള്ള സന്നദ്ധ സേവകരുടെയും മഅ്ദിന്‍ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ടു. മലപ്പുറത്തെയും പരിസരത്തെയും വീടുകളില്‍ നിന്ന് ഹാജിമാര്‍ക്കായി നെയ്യപ്പമുള്‍പ്പെടെ പലഹാരങ്ങള്‍ എത്തിച്ചത് ഏറെ ശ്രദ്ധേയമായി. ക്യാന്പിന്‍റെ ഉപഹാരമായുള്ള സൗജന്യ ഹജ്ജ് കിറ്റ് വിതരണവും നടന്നു.