convention

വിശുദ്ധ റംസാൻ പുണ്യത്തിൽ 30 ഇന കർമപദ്ധതിയുമായി മഅ്ദിൻ അക്കാദമി

മലപ്പുറം: ആത്മീയ-കാരുണ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ ഊന്നൽകൊടുത്ത് വിശുദ്ധ റംസാനിൽ മഅ്ദിൻ അക്കാദമി നടപ്പിലാക്കുന്ന മുപ്പതിന റംസാൻ കർമപദ്ധതികൾക്ക് തുടക്കമായി. ഒരുമാസം നീളുന്ന വൈവിധ്യമാർന്ന പരിപാടികളിൽ അഞ്ചു ലക്ഷം കുടുംബങ്ങളിലേക്ക് ധർമ-കാരുണ്യ സന്ദേശമെത്തിക്കും. ആത്മീയ വേദികൾ, വൈജ്ഞാനിക സദസ്സുകൾ, റിലീഫ്, പഠന കാമ്പുകൾ, ഇഫ്താർ സംഗമങ്ങൾ, ഓൺലൈൻ സെഷനുകൾ, അനുസ്മരണ വേദികൾ എന്നിവയുൾക്കൊള്ളുന്ന കാമ്പയിൻ പരിപാടികൾ സമസ്ത അധ്യക്ഷൻ ഇ. സുലൈമാൻ മുസ്‌ലിയാർ കഴിഞ്ഞദിവസം സ്വലാത്ത് നഗറിൽ ഉദ്ഘാടനം ചെയ്തു.

ഇന്നു മുതൽ ആരംഭിച്ച ഇഫ്താർ സംഗമങ്ങൾക്ക് ഇക്കുറി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെ നടക്കുന്ന ഇഫ്താറിൽ, മലപ്പുറത്തെയും പരിസരങ്ങളിലെയും വീടുകളിൽ നിന്നെത്തിക്കുന്ന വിഭവങ്ങൾ ആയിരക്കണക്കിനു പേർക്കാണ് നോമ്പുതുറയൊരുക്കുക. 5.30 മുതൽ ഇഫ്താർ വരെ പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തിൽ ഗ്രാന്റ് മസ്ജിദിൽ വിജ്ഞാനവേദിയും ദുആ മജ്‌ലിസുമുണ്ടാകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ റിലീഫ് ക്യാമ്പുകൾ സംഘടിപ്പിക്കും. റയ്യാൻ എന്ന പേരിൽ രണ്ടാഴ്ച നീളുന്ന വനിതാ പഠനവേദിക്ക് ശനിയാഴ്ച തുടക്കമാവും. വിവിധ വിഷയങ്ങളിൽ പ്രമുഖ പണ്ഡിതർ നയിക്കുന്ന ക്ലാസുകൾക്ക് പുറമെ സംശയ നിവാരണത്തിനും അവസരമുണ്ടാവും.
എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 തൊട്ട് പ്രത്യേക ആത്മീയ മജ്‌ലിസ് ഒരുക്കുന്നുണ്ട്. നോമ്പ് മുപ്പത്‌വരെ മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ ഹദീസ് ക്ലാസും ഇഅ്തികാഫ് ജൽസയുമുണ്ടാകും. ജൽസക്കെത്തുന്നവർക്ക് നോമ്പുതുറ, അത്താഴം, മുത്താഴം, താമസമടക്കമുള്ള സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. റംസാനിൽ വിടപറഞ്ഞ ഇസ്‌ലാമിക ചരിത്രത്തിലെ 52 മഹാരഥന്മാരെ അനുസ്മരിക്കുന്ന ചരിത്രപഠനവും പ്രാർത്ഥനാ സദസ്സും ഈ വർഷം ഒരുക്കിയിട്ടുണ്ട്. നോമ്പ് പതിനാറിന് ബദർ നേർച്ചയും മൗലിദ് പാരായണവും നടക്കും. വിശ്വാസ സംരക്ഷണത്തിന് ധീരമായി പോരാടിയ 313 ബദ്‌രീങ്ങളുടെ പേരുകൾ ഉരുവിട്ട്, പ്രാർത്ഥനയോടെ പിരിയുന്ന വേദിയിൽ ആയിരക്കണക്കിനാളുകൾ സംബന്ധിക്കും.റമളാൻ 21ന് മഹല്ലുകളിലൂടെ പൈതൃകയാത്രയും തറാവീഹിനു ശേഷം വഅള് പരമ്പരയുടെ ഉദ്ഘാടനവും നടക്കും.
ഖുർആൻ അവതരണ മാസം കൂടിയായ പുണ്യമാസത്തിലെ ഞായറാഴ്ചകളിൽ ഏഴു മണിതൊട്ട് സ്‌കൂൾ ഓഫ് ഖുർആൻ സംഘടിപ്പിക്കുന്നുണ്ട്. ഖത്മുൽ ഖുർആൻ, മഹല്ല് കൂട്ടായ്മ, പൂർവ്വ വിദ്യാർത്ഥി സംഗമം തുടങ്ങിയ പരിപാടികളും കാമ്പയിൻ കാലയളവിൽ നടപ്പിലാക്കുന്നുണ്ട്. അന്ധ-ബധിരരായവർക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും ഓറിയന്റേഷൻ ക്യാമ്പും റംസാൻ 25ന് നടക്കും.
സ്വലാത്ത് നഗറിലെ റംസാൻ പരിപാടികളിൽ നേരിട്ടു സംബന്ധിക്കാൻ കഴിയാത്തവർക്കായി പരിപാടികൾ മഅ്ദിൻ വെബ്‌സൈറ്റ് വഴിയും മറ്റ് ഓൺലൈൻ ക്ലാസ് റൂമുകൾ വഴിയും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. റംസാൻ ചൈതന്യം പകർന്ന് കൊടുക്കുന്ന സെമിനാറുകളും സംഘടിപ്പിക്കും.
ജൂലൈ ഒന്നിന്, റംസാൻ ഇരുപത്തിയേഴാം രാവിൽ ജനലക്ഷങ്ങൾ സംബന്ധിക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിനുള്ള ഒരുക്കങ്ങളും സ്വലാത്ത് നഗറിൽ ആരംഭിച്ചിട്ടുണ്ട്. 5555 അംഗ സ്വാഗത സംഘത്തിന്റെ മേൽനോട്ടത്തിലാണ് പ്രാർത്ഥനാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നത്.
ഈ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രതേൃക ഹെൽപ്പ്‌ലൈൻ ആരംഭിച്ചിട്ടുണ്ട് : 9946623412, 9633158822. വെബ്‌സൈറ്റ് : www.madin.edu.in

%d bloggers like this: