Medhilfe

രണ്ടാം ഘട്ട മെഡ്ഹിൽഫെ മെഗാമെഡിക്കൽ ക്യാമ്പ് മെയ് 3 ന് സ്വലാത്ത് നഗറിൽ

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയം ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട മെഡ്ഹിൽഫെ മെഗാമെഡിക്കൽ ക്യാമ്പ് മെയ് 3-ന് ചൊവ്വാഴ്ച സ്വലാത്ത് നഗറിൽ നടക്കും. രാവിലെ 8ന് ആരംഭിക്കുന്ന ക്യാമ്പ് കർണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.

മഅ്ദിൻ അക്കാദമിയുടെ ആതുരസേവന സംരംഭമായ ഹോസ്‌പെയ്‌സ് ഹെൽത്ത് കെയറിനു കീഴിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ ബംഗളൂരൂവിലെ കിദ്വൈ മെമ്മോറിയൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, എറണാകുളം ലേക്‌ഷോർ ഹോസ്പിറ്റലിലെ കാർഡിയോളജി യൂണിറ്റ്, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പുൽമനോളജി യൂണിറ്റ്, മിംസ് കോട്ടക്കൽ, എന്നിവരാണ് നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി ക്യാൻസർ, കമ്മ്യൂണിറ്റി മെഡിസിൻ, റേഡിയേഷൻ, മാമോഗ്രഫി, ഹൃദ്രോഗം, നെഞ്ച് വേദന, ആസ്തമ, അലർജി, ടിബി, ചെസ്റ്റ് രോഗം, പീഡിയാട്രിക്, ഓർത്തോ, സ്ത്രീരോഗം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ധ പരിശോധനയും തുടർ ചികിത്സാ സൗകര്യങ്ങളും ക്യാമ്പിൽ ലഭ്യമാക്കും.
അത്യാധുനിക സൗകര്യങ്ങളോടെ പ്രശസ്തരായ ഡോക്ടർമാരുടെ സേവനം സൗജന്യമായാണ് ക്യാമ്പിൽ ഒരുക്കുന്നത്. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള പരിശോധനാ-രോഗ നിർണയ സംവിധാനങ്ങളും ക്യാമ്പിൽ ഉണ്ടാകും. ഓരോ വിഭാഗത്തിനും പ്രത്യേകം സജ്ജീകരിച്ച പരിശോധനാ സൗകര്യങ്ങളും ഡയബറ്റിക്, കാർഡിയോളജി തുടങ്ങിയ രോഗങ്ങൾക്കെതിരെയുള്ള ബോധവൽകരണം, വിവിധ വിഷയങ്ങളിൽ പ്രഗത്ഭരുടെ ക്ലാസുകൾ എന്നിവയും ക്യാമ്പിലൊരുക്കുന്നുണ്ട്. ചികിത്സാ ചെലവുകൾ കുത്തനെ ഉയരുന്ന ഈ സാഹചര്യത്തിൽ, വ്യത്യസ്ത രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സൗജന്യ പരിശോധനയും ചികിത്സയും ലക്ഷ്യമാക്കിയാണ് മഅ്ദിൻ മെഡിക്കൽ ക്യാമ്പുകൾ ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ നടന്ന ഒന്നാം ഘട്ട മെഗാമെഡിക്കൽ ക്യാമ്പിൽ രണ്ടായിരത്തിലധികം പേർക്കാണ് വിദഗ്ധ ചികിത്സയും മരുന്നുകളും സൗജന്യമായി നൽകിയത്. മുപ്പത്തഞ്ചോളം പേർക്ക് സൗജന്യ നേത്രശസ്ത്രക്രിയക്കുള്ള സൗകര്യങ്ങളും മഅ്ദിൻ ഒരുക്കിയിരുന്നു.
രണ്ടാംഘട്ട മെഡിക്കൽ ക്യാമ്പിനുള്ള വിപുലമായ ഒരുക്കങ്ങൾ മഅ്ദിൻ കാമ്പസിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഹെൽപ് ലൈനും പ്രവർത്തന സജ്ജമാണ്. വിശദ വിവരങ്ങൾക്കും ബുക്കിംഗിനും 0483 2738343, 9946788483, 9744748497 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

%d bloggers like this: