മുഹറം നല്കുന്നത് മോചനത്തിന്റെ സന്ദേശം: ഡോ. അര്ഷദ് ഇസ്ലാം

മലപ്പുറം: മാനവതയുടെ മോചനത്തിന്‍റെയും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെയും സന്ദേശമാണ് മുഹറം നല്‍കുന്നതെന്ന് മല്യേ ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം തലവന്‍ ഡോ. അര്‍ഷദ് ഇസ്ലാം അഭിപ്രായപ്പെട്ടു. മഅ്ദിന്‍ അക്കാദമിയുടെ മുഹറം പരിപാടികളുടെ ഭാഗമായി നടന്ന ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക ചരിത്രമനുസരിച്ച്, ആദി മനുഷ്യനായ ആദം നബിയുടെ ജീവതം തൊട്ടു തന്നെ മുഹറത്തിന്‍റെ പ്രാധാന്യം പറയുന്നുണ്ട്. മുഹമ്മദ് നബിയോളമെത്തുന്ന പ്രവാചക പരന്പരയില്‍ എല്ലാ സമൂഹത്തിനും വിമോചനവും വിശാലതയും കിട്ടിയത് ഈ മാസത്തിലാണ്. ജൂതക്രൈസ്തവ പാരന്പര്യങ്ങളിലും ഇതു സംബന്ധിച്ച പരാമര്‍ശങ്ങളുള്ളത് ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ജനതയ്ക്ക് ആശ്വാസം പകര്‍ന്നു കൊണ്ടാണ് മുഹറം ചരിത്രത്തില്‍ കടന്നു വന്നിട്ടുള്ളത്. ആധുനിക കാലത്ത് സാമൂഹ്യസാംസ്കാരികസാന്പത്തിക മേഖകളില്‍ പിന്നാക്കം നില്‍ക്കുന്ന സമൂഹങ്ങള്‍ക്കും മുഹറം മോചന മന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഅ്ദിന്‍ അക്കാദമിയ ഫോര്‍ റിസര്‍ച്ച് ആന്‍റ് ഇന്‍റര്‍നാഷനല്‍ സ്റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് അധ്യക്ഷനായിരുന്നു. മോഡല്‍ അക്കാദമി ഇസ്ലാമിക വിഭാഗം തലവന്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഡോ. ഹുസൈന്‍ രണ്ടത്താണി, എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഗ്രിഫിത്ത് യൂണിവേഴ്സിറ്റി ഫെല്ലോ അബ്ബാസ് പനക്കല്‍, സ്പാനിഷ് അക്കാദമി ഡയറക്ടര്‍ ഹാമിദ് ഹുസൈന്‍, മീഡിയ സ്കൂള്‍ ഡയറക്ടര്‍ ലത്തീഫ് പൂവ്വത്തിക്കല്‍ പ്രസംഗിച്ചു.
മുഹറം ഒന്നിന് സ്വലാത്ത് നഗറില്‍ ആരംഭിച്ച പരിപാടികളുടെ സമാപന സംഗമം മുഹറം പത്തിന് തിങ്കളാഴ്ച ആത്മീയ സംഗമത്തോടെ സമാപിക്കും. രാവിലെ 10 മുതല്‍ നോന്പ് തുറ വരെ നടക്കുന്ന ചടങ്ങിന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ 313 തിരുനബി കുടുംബത്തിലെ അംഗങ്ങള്‍ നേതൃത്വം നല്‍കും.

%d bloggers like this: