Mahabba

മുംബൈ മഹബ്ബ കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം

മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി കൊർദോബ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ (സി.ഇ.സി.എഫ്) സംഘടിപ്പിച്ച മുംബൈ മഹബ്ബ കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം. വൈകുന്നേരം നാലിന് മെട്രോ ബഹാഉദ്ദീൻ ഷാ ഖാദിരി സിയാറത്തിന് സയ്യിദ് യാക്കൂബ് ബറകാത്തി ബാന്ദ്ര നേതൃത്വം നൽകി. സമാപന സമ്മേളനം മഅ്ദിൻ അക്കാദമി ചെയർമാനും ഇസ്‌ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ പ്രസിഡന്റുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകുകയും അവരുടെ സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്ത മതമാണ് ഇസ്‌ലാമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ പിന്നാക്കം നിൽക്കുന്ന ഗ്രാമീണ മേഖലകളിൽ സുരക്ഷയും വിദ്യാഭ്യാസവും ഉറപ്പ് വരുത്തുന്നതിന് സി.ഇ.സി.എഫ് ആസൂത്രണം ചെയ്യുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും അദ്ദേഹം നിർവ്വഹിച്ചു.

പരിപാടിയിൽ സ്വഗത സംഘം ചെയർമാൻ ഇസ്മാഈൽ അംജദി അദ്ധ്യക്ഷത വഹിച്ചു. മൗലാനാ അബ്ദുൽ മുഈൻ, സയ്യിദ് ബുഖാരി മുഹമ്മദ് കുലാബ എന്നിവർ മുഖ്യാതിഥികളായി.
സി.ഇ.സി.എഫ് ഡയറക്ടർ മുഹമ്മദ് ജവാദ് മുസ്തഫവി ചൊക്ലി കർമ്മ പദ്ധതികളവതരിപ്പിച്ചു. ബോംബെ കേരള മുസ്‌ലിം ജമാഅത്ത് ജന.സെക്രട്ടറി സി.എച്ച് അബ്ദുറഹ്മാൻ, മുബൈ കെ.എം.സി.സി ജന.സെക്രട്ടറി അബ്ദുൽ അസീസ് മാണിയൂർ, വൈസനിയം കോ-ഓർഡിനേറ്റർ ഖാലിദ് സഖാഫി സ്വലാത്ത് നഗർ, അബ്ദുൽ ഖാദിർ ഹാജി, എം.എ ഖാലിദ് ഹാജി എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ഇഷൽ നൈറ്റിന് കേരള സംസ്ഥാന യുവജനോത്സവ്, സാഹിത്യോത്സവ് ജേതാക്കളായ മാസ്റ്റർ മുബഷിർ, മാസ്റ്റർ നഈം സയ്യിദ് ആഷിഖ് നേതൃത്വം നൽകി.
കൊർദോബ സെന്റർ വിദ്യാർത്ഥികളുടെ കലാപരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് കൊർദോബ മുഖ്യരക്ഷാധികാരി മാണിക്കോത്ത് മഹ്മൂദ് ഹാജി, ടി.വി കെ അബ്ദുള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇമ്പിച്ചി മൊയ്തീൻ, പൈച്ചാർ അബ്ദുള്ള, അഡ്വ. ഹസൈൻ ഖാസി ശൈഖ് മുഖ്താർ അഹ്മദ്, സയ്യിദ് ഖാസിം ഖാദിരി പട്ടേൽ, പി.വി അഷ്‌റഫ് പാനൂർ, അബ്ദുൽ ഹമീദ് ചൊക്ലി, കബീർ തൃഷൂർ എന്നിവർ സംബന്ധിച്ചു. സയ്യിദ് ശൈഖ് ബുഖാരിയോടൊപ്പമുള്ള ഗാല സപ്പറോടെ സമ്മേളനം സമാപിച്ചു.

%d bloggers like this: