മഹാത്മാ ഫൂലെ ദേശീയ അവാര്‍ഡ് മഅ്ദിന്‍ എഫ് ഡി പി ഡയറക്ടറിന്

മലപ്പുറം: മികച്ച സാമൂഹ്യ പ്രവര്‍ത്തകന് സാമൂഹ്യ പരിഷ്കര്‍ത്താവായ മഹാത്മാ ഫൂലെയുടെ പേരില്‍ ആള്‍ കേരള കോണ്‍ഫെഡറേഷന്‍ ഓഫ് എസ്. സി., എസ്.ടി ഓര്‍ഗനൈസേഷന്‍സ് നല്‍കുന്ന മഹാത്മാ ഫൂലെ ദേശീയ അവാര്‍ഡിന് പി.കെ. ശിഹാബ് അര്‍ഹനായി. മഅ്ദിന്‍ അക്കാദമിയില്‍ നടപ്പാക്കിയ ഡിഅഡിക്ഷന്‍ പ്രോജക്ടിന്‍റെ പേരിലാണ് ഡയറക്ടര്‍ കൂടിയായ ശിഹാബിന് അവാര്‍ഡ് നല്‍കുന്നത്. വ്യക്തമായ സാമൂഹ്യ ലക്ഷ്യമുള്ള പ്രവര്‍ത്തനമാണ് ഇദ്ധേഹത്തിന്‍റേതന്ന് അവാര്‍ഡ് കമ്മിറ്റി നിരീക്ഷിച്ചു.

മഅ്ദിന്‍ അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശിഹാബ് കാലടി സര്‍വകലാശാലയില്‍ നിന്ന് എം.എസ്.ഡബ്ല്യൂ പൂര്‍ത്തിയാക്കുകയും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് നേടുകയും ചെയ്തു. ആനുകാലികങ്ങളില്‍ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മികച്ച കൗണ്‍സിലര്‍ കൂടിയായ ശിഹാബ് സംവിധാനം ചെയ്ത മുഖം നോക്കുന്ന കണ്ണാടി എന്ന ഡോക്യുമെന്‍ററി കാലിക്കറ്റ് യൂണിവേഴ്സിറ്റി മനശ്ശാസ്ത്ര വിഭാഗം ദേശീയ സെമിനാറില്‍ മികച്ചതായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഈ മാസം 17ന് തിരുവനന്തപുരത്ത് വി.ജെ.ടി ഹാളില്‍ വെച്ച് നടക്കുന്ന പ്രത്യേക പരിപാടിയില്‍ ഗവര്‍ണര്‍ ഷീലദീക്ഷിത്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

%d bloggers like this: