മണ്ണിൽ വിരിഞ്ഞ് പാത്രങ്ങൾ: വ്യത്യസ്തതകളോടെ മണ്ണ് ദിനാചരണം

മണ്ണിൽ വിരിഞ്ഞ് പാത്രങ്ങൾ:
വ്യത്യസ്തതകളോടെ മണ്ണ് ദിനാചരണം

മലപ്പുറം: കളിമണ്ണിൽ തീർത്ത മായാജാലത്തിനു മുന്നിൽ കുട്ടികൾ ആശ്ചര്യത്തോടെ നിന്നു. കുംഭാരന്മാരുടെ കരവിരുതിൽ വിരിഞ്ഞ മൺശിൽപങ്ങളിൽ നൂറ്റാണ്ടുകളിലൂടെ കൈമാറിക്കിട്ടിയ സിദ്ധിയുടെ അപൂർവ്വത പുതുതലമുറയറിഞ്ഞു.
അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് സ്വലാത്ത് നഗർ മഅ്ദിൻ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മൺപാത്ര നിർമാണവുമായി ബന്ധപ്പെട്ട പ്രത്യേക പ്രദർശനം നടന്നത്.
കുഴിച്ചെടുത്ത മണ്ണ് ഉരുളയാക്കി ചക്രത്തിൽ കറക്കി വിവിധ മൺപാത്രങ്ങൾ നിർമ്മിക്കുന്നത് കുട്ടികൾ പലർക്കും ആദ്യത്തെ കാഴ്ചയായിരുന്നു. മണ്ണ് വളയമായി, വിവിധ രൂപത്തിൽ പാത്രങ്ങളായി മാറിയപ്പോൾ നീണ്ട കരഘോഷത്തോടെ വിദ്യാർത്ഥികൾ എഴുന്നേറ്റു നിന്നു.
രാവിലെ മുതൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ മണ്ണുമായി ബന്ധപ്പെട്ട പഠന പരിപാടികൾ സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് മലപ്പുറം പഴമള്ളൂരിൽ നിന്നുള്ള കുംഭാരന്മാർ തങ്ങളുടെ കരവിരുത് പ്രദർശിപ്പിച്ചത്.
സീനിയർ പ്രിൻസിപ്പാൾ ഉണ്ണിപ്പോക്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി. സൈതലവിക്കോയ, അബുദുറശീദ് സഖാഫി പല്ലാർ, അൻവർ അഹ്‌സനി പഴമള്ളൂർ, മാനേജർ കെ.എ റഹ്മാൻ എന്നിവർ പങ്കെടുത്തു.