Menu Close
Madin-MoU-with-Zheng-He-1 (1)

മഅ്ദിൻ അക്കാദമിയും ഷെൻഗെ ഫൗണ്ടേഷനും സഹകരണത്തിനു ധാരണ

മലപ്പുറം: സാംസ്‌കാരിക-ചരിത്ര പഠന മേഖലയിലെ സഹകരണത്തിന് അമേരിക്ക ആസ്ഥാനമായുള്ള ഷെൻഗെ ഇന്റർനാഷനൽ പീസ് ഫൗണ്ടേഷനും മഅ്ദിൻ അക്കാദമിയും സഹകരിച്ചു പ്രവർത്തിക്കും. ഇത് സംബന്ധമായുള്ള ധാരണാപത്രത്തിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരിയും ഷെൻഗെ ഫൗണ്ടേഷൻ ഡയറക്ടറും അമേരിക്കയിലെ ഫോസ്ത്ബർഗ് സർവ്വകലാശാല ചരിത്രവിഭാഗം പ്രൊഫസറുമായ ഡോ. ഹൈയുൻ മായും ഒപ്പു വെച്ചു. സ്വലാത്ത് നഗർ മഅ്ദിൻ കാമ്പസിൽ ടൂറിസം മന്ത്രി. എ.പി. അനിൽ കുമാറിന്റെ സാന്നിധ്യത്തിലാണ് ചടങ്ങ്.

പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ചൈനീസ് നാവികനും സഞ്ചാരിയുമായിരുന്ന ഷെൻഗെയെക്കുറിച്ചുള്ള വിവിധ ഗവേഷണ പദ്ധതികളിൽ യോജിച്ചു പ്രവർത്തിക്കുക, ഇന്ത്യ-ചൈന സാംസ്‌കാരിക ബന്ധം ദൃഢപ്പെടുത്തുന്നതിനുള്ള സമ്മേളനങ്ങൾ, പഠന യാത്രകൾ എന്നിവ സംഘടിപ്പിക്കുക, മഅ്ദിൻ വിദേശ ഭാഷാ കേന്ദ്രത്തിനു കീഴിൽ ചൈനീസ് ഭാഷയായ മാൻഡറിൻ കോഴ്‌സ് ആരംഭിക്കുക, ഗവേഷണ പുസ്തകങ്ങളുടെ പ്രസിദ്ധീകരണം എന്നീ മേഖലകളിലാണ് രണ്ടു സ്ഥാപനങ്ങളും സഹകരിക്കുക.

ഏഴു തവണ കേരളത്തിലെത്തുകയും സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്ത ഷെൻഗെ മരിച്ചത് കോഴിക്കോടാണ്. അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥാനത്തെപ്പറ്റി ചരിത്രത്തിൽ വിവിധ അഭിപ്രായങ്ങളുണ്ട്. പുരാരേഖകളുടെ പരിശോധനയിലൂടെ ഇതു സംബന്ധമായ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കുന്നതിന് ഗവേഷണ പദ്ധതി ആരംഭിക്കും. ഈ വിഷയത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനം നടത്തുന്നവരുടെ ആഗോള സംഗമം 2017ൽ ഇന്ത്യയിൽ മഅ്ദിൻ അക്കാദമിയുടെ സംഘാടനത്തിൽ നടത്താനും തീരുമാനമായി. ഈ വർഷം ആഗസ്റ്റിൽ യു.എ.ഇയിൽ നടക്കുന്ന സമ്മേളനത്തിൽ മഅ്ദിൻ അക്കാദമി ഇന്ത്യയെ പ്രതിനിധീകരിക്കും.

വാസ്‌കോഡ ഗാമ ഇന്ത്യയിലെത്തുന്നതിനു മുന്നെ കേരള തീരത്തെത്തുകയും ആയിരക്കണക്കിനു ചൈനക്കാരെ ഇവിടെയെത്തിക്കുകയും ചെയ്ത ഒരു ചരിത്രവ്യക്തിത്വത്തെ മുൻനിർത്തി രണ്ടു സംസ്‌കാരങ്ങൾ തമ്മിലുള്ള ബന്ധം പഠിക്കാനുള്ള ശ്രമം ശ്രദ്ധേയമാണെന്ന് മന്ത്രി അനിൽ കുമാർ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ചൈനാ ബന്ധത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിന് മഅ്ദിൻ അക്കാദമിയും ഷെൻഗെ ഫൗണ്ടേഷനും തമ്മിലുള്ള സഹകരണം അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഅ്ദിന് അക്കദാമിയുടെ ഇരുപതാം വാർഷികമായ വൈസനിയത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര ഗവേഷണ പദ്ധതികൾ ഏറെ പ്രധാനപ്പെട്ടതാണ് ഈ സഹകരണത്തിലൂടെ നടപ്പിലാകുന്നതെന്ന് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അഭിപ്രായപ്പെട്ടു.

ഷെൻഗെ ഫൗണ്ടേഷൻ പ്രതിനിധിയും യു.എ.ഇ സാംസ്‌കാരിക വിഭാഗം സീനിയർ റിസർച്ചറുമായ ഡോ. ഷാജോ ജിൻ ചായ്, വിവിധ രാജ്യങ്ങളിലെ മഅ്ദിൻ പ്രതിനിധികളായ കബീർ മാസ്റ്റർ (യു.എ.ഇ), സലാം പാണ്ടിക്കാട് (ഒമാൻ) സുബൈർ സഅദി (ഷാർജ), കെ.വി അബ്ദുല്ല ഹാജി (ഖത്തർ), സ്റ്റാർ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി, അബ്ബാസ് പനക്കൽ, ഉമർ മേൽമുറി, ഡോ. ആലസ്സൻ കുട്ടി എന്നിവർ സംബന്ധിച്ചു.

%d bloggers like this: