മഅ്ദിന്‍ പ്രര്‍ത്ഥനാ സമ്മേളനത്തിന് ധന്യമായ തുടക്കം

മലപ്പുറം: മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് സ്വലാത്ത് നഗറില്‍ പ്രാര്‍ത്ഥനാ ധന്യമായ തുടക്കം. വ്യാഴാഴ്ച രാവിലെ 10ന് പണ്ഡിതന്മാരും സയ്യിദുമാരുമടക്കം ആയിരങ്ങള്‍ ഒരുമിച്ചു കൂടിയ ചടങ്ങില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ പരിപാടികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
പ്രാര്‍ത്ഥന വിശ്വാസിയുടെ ജീവ വായുവാണെന്നും അതിനു വേണ്ടിയുള്ള സദസ്സുകള്‍ സമൂഹത്തിന് പ്രതീക്ഷയും പുതുജീവനും നല്‍കുന്നതാണെന്നും റഈസുല്‍ ഉലമ അഭിപ്രായപ്പെട്ടു. മനുഷ്യരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാന്‍ കാത്തിരിക്കുന്ന സൃഷ്ടാവുണ്ടെന്ന ധൈര്യമാണ് വലിയ വിപത്തുകളില്‍ നിന്ന് മനുഷ്യരാശിയെ കരകയറ്റിയത്. ഈ പ്രതീക്ഷയുടെ കരുത്തില്ലായിരുന്നെങ്കില്‍ മനുഷ്യന് മഹാമാരികളെയും മഹായുദ്ധങ്ങളെയും അതിജീവിക്കാനാവുമായിരുന്നില്ലെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സംഗമത്തില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സൈനുദ്ധീന്‍ സഖാഫി ഇരുമ്പഴി, അബൂബക്കര്‍ സാഹിബ് എന്നിവര്‍ സംബന്ധിച്ചു.
റമളാനിലെ നാലാമത്തെ വെള്ളിയാഴ്ചയായ ഇന്ന് രാവിലെ 10ന് ദലാഇലുല്‍ ഖൈറാത്ത് സദസ്സ്, ജുമുഅക്ക് ശേഷമുള്ള ഉദ്‌ബോധനം, സലാമത്തുല്‍ ഈമാന്‍ സദസ്സ്, ദുആ മജ്‌ലിസ് എന്നിവക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. രാത്രി 10ന് പി.കെ.എം സഖാഫി ഇരിങ്ങല്ലൂരിന്റെ പ്രഭാഷണവുമുണ്ടാകും.

ഫോട്ടോ അടിക്കുറിപ്പ്: മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു

%d bloggers like this: