മഅദിന്‍ മുഹര്‍റം ആത്മീയ സമ്മേളനം

മലപ്പുറം: വിശുദ്ധമായ മുഹര്‍റം മാസത്തെ പുണ്യദിനങ്ങളോടനുബന്ധിച്ച് മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമി മുഹര്‍റം ആത്മീയ സമ്മേളനം സംഘടിപ്പിക്കുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനില്‍ക്കുന്ന പരിപാടി ഈ മാസം പതിനാലിന് വ്യാഴാഴ്ചയാണ് നടക്കുന്നത്. സമ്മേളനത്തിനെത്തുന്നവര്‍ക്കുള്ള നോന്പുതുറയോടുകൂടെയാണ് സമ്മേളനം സമാപിക്കുക.
രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ മുഹര്‍റം പത്തിലെ പ്രത്യേകമായ ദിക്റുകള്‍, പ്രാര്‍ത്ഥനകള്‍, മുഹര്‍റം മാസത്തിന്‍റെ ചരിത്ര സന്ദേശ പ്രഭാഷണം, സമൂഹ നോന്പുതുറ എന്നീ ആത്മീയ ചടങ്ങുകളാണ് നടക്കുക. പ്രാര്‍ത്ഥനകള്‍ക്കും മജ്ലിസുകള്‍ക്കും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.
സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് വി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി എന്നിവര്‍ സംബന്ധിക്കും.
ഇസ്ലാമിക ചരിത്രപരമായ ഏറ്റവും കൂടുതല്‍ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ മാസമായതിനാല്‍ മുഹര്‍റം ആചരണങ്ങള്‍ മുസ്ലിം ലോകം എന്പാടും വിപുലമായ രീതിയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. ഈ മാസത്തിന്‍റെയും ദിവസങ്ങളുടെയും പുണ്യം നേടാനെത്തുന്ന വിശ്വാസികളുടെ മുന്‍വര്‍ഷങ്ങളിലെ ബാഹുല്യം മനസ്സിലാക്കി ഈ വര്‍ഷം കൂടുതല്‍ സൗകര്യങ്ങളാണ് മഅദിന്‍ സജ്ജീകരിച്ചിരിക്കുന്നത്.

%d bloggers like this: