ഭിന്നശേഷിയുള്ളര്‍ക്കുള്ള മഅ്ദിന്‍ സംരംഭങ്ങള്‍ ശ്ലാഘനീയം: കോടിയേരി

മലപ്പുറം: ഭിന്നശേഷിയുള്ളവരെ വിദ്യാഭ്യാസവും സൗകര്യങ്ങളും നല്‍കി വളര്‍ത്തിക്കൊണ്ടു വരികയെന്നത് മഹത്തായ ദൗത്യമാണെന്നും ഈ രംഗത്ത് മഅ്ദിന്‍ അക്കാദമി ചെയ്യുന്ന ദീര്‍ഘദര്‍ശനത്തോടെയുള്ള പദ്ധതികള്‍ ശ്ലാഘിക്കപ്പെടേണ്ടതാണെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മഅ്ദിന്‍ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഭിന്ന ശേഷി സമ്മേളനം സ്വലാത്ത് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ സംവിധാനത്തിന് പൂര്‍ണത വരുന്നത് അത് സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്നവരെയും ഭിന്നശേഷിയുള്ളവരെയും ഉള്‍ക്കൊള്ളുമ്പോഴാണ്. മനുഷ്യര്‍ ആരും പൂര്‍ണരല്ല. എല്ലാര്‍ക്കും അവരുടേതായ ന്യൂനതകളുണ്ട്. ഈയര്‍ത്ഥത്തില്‍ നോക്കിയാല്‍ ഭിന്നശേഷി ഒരു കുറവല്ല. മറ്റുള്ളവരെപ്പോലെ തന്നെ സാമൂഹ്യജീവിതത്തില്‍ ഇടപെടാനും പ്രവര്‍ത്തിക്കാനും അവര്‍ക്ക് അവസരം വേണം – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷനായിരുന്നു. ഭിന്നശേഷിയുള്ളവര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സി.പി.എം. ജില്ലാ സെക്രട്ടറി പി.കെ വാസുദേവന്‍, ഇ.എന്‍ മോഹന്‍ദാസ് ദേശാഭിമാനി, ഉമര്‍ പാക്കാടന്‍, മുഹമ്മദലി നാണത്ത് എന്നിവര്‍ സംബന്ധിച്ചു.
വൈസനിയം ഉദ്ഘാടനം ഞായര്‍ വൈകീട്ട് 6 ന് ബഹു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും.

%d bloggers like this: