Menu Close

പ്രാപഞ്ചിക സ്‌നേഹം സൂഫിസത്തിന്റെ അടിത്തറ: ഡോ. എറിക് വിങ്ക്ൾ

മലപ്പുറം: സാർവ്വ ലൗകിക സ്‌നേഹമാണ് ഇസ്‌ലാമിക ആധ്യാത്മികതയുടെ അടിത്തറയെന്നും പരസ്പരം സഹിക്കുകയെന്നതിനപ്പുറം സ്‌നേഹിക്കുകയെന്നതാണ് കാലത്തിന്റെ സൂഫിസത്തിന്റെ വഴിയെന്നും ഡോ. എറിക് ശുഐബ് വിങ്ക്ൾ അഭിപ്രായപ്പെട്ടു. മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹബ്ബ കോൺഫറൻസിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സൂഫിസം ഒരു സാങ്കൽപിക പദ്ധതിയല്ല. വർത്തമാന കാലത്തും പ്രസക്തമായ ആത്മ ശുദ്ധീകരണത്തിന്റെ മാർഗമാണ്. വഴിതെറ്റാത്ത രേഖകളിലൂടെ അല്ലാഹുവിനെ അറിയുകയും സഹജീവികളെ മുൻധാരണകളില്ലാതെ സ്‌നേഹിക്കുകയും ചെയ്യുകയാണ് സൂഫിസത്തിന്റെ സത്ത. ചരിത്രത്തെ പ്രശോഭിതമാക്കിയ ആധ്യാത്മ വഴികളെയും നേതാക്കളെയും അറിയുകയാണ് ഇസ്‌ലാമിനെക്കുറിച്ച് തെറ്റിദ്ധാരണകൾ മാറ്റാനുള്ള മാർഗം- അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകൾക്കു മുമ്പ് രചിക്കപ്പെട്ട സൂഫീ ഗ്രന്ഥങ്ങളോട് ലോകതലത്തിൽ തന്നെ പ്രിയം കൂടി വരികയാണ്. മുഹ്‌യിദ്ദീൻ ഇബ്‌നു അറബി, ജലാലുദ്ധീൻ റൂമി തുടങ്ങിയവരുടെ കൃതികൾക്ക് ഏറെ ആവശ്യക്കാരുണ്ട്. ഇസ്‌ലാമിക് ക്ലാസിക് കാലത്തെ ഇത്തരം കൃതികൾ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തേണ്ടതുണ്ട്. ഇബ്‌നു അറബിയുടെ ഫുതൂഹാത്തുൽ മക്കിയ്യയിലൂടെ ഈ ശ്രമമാണ് തന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ നടന്ന ചടങ്ങിൽ മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷനായിരുന്നു. ഡോ.കെ.കെ.എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി, ടി.വി അബ്ദുൽ റഹ്മാൻ, ഡോ. ആലസ്സൻ കുട്ടി, അബ്ദുൽ ജലീൽ സഖാഫി, അബ്ബാസ് പനക്കൽ പ്രസംഗിച്ചു. ഇസ്‌ലാമിലെ ആധ്യാത്മ മാർഗത്തെപ്പറ്റി 10, 11, 16, 17, 18 തിയ്യതികളിലും ഡോ. എറിക് വിങ്കിളിന്റെ പ്രഭാഷണം മഅ്ദിൻ കാമ്പസിൽ നടക്കും.
മഹബ്ബ കോൺഫറൻസിന്റെ ഏറ്റവും പ്രധാന ചടങ്ങായ ആത്മീയ സമ്മേളനത്തിൽ ഇന്ന് വൈകുന്നേരം നാലിന് തിരുനബി സ്‌നേഹത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാന ഹദീസ് ഗ്രന്ഥങ്ങളിലൊന്നായ ‘ശമാഈൽ തിർമുദി’യെ അടിസ്ഥാനമാക്കിയുള്ള ഹദിസ്-പണ്ഡിത സംഗമം നടക്കും. 6:30ന് പൊതുസമ്മേളനം ആരംഭിക്കും. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ മദീന ഇൻസ്റ്റിറ്റ്യൂട്ട് തലവനും ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ സജീവ സാനിധ്യമുള്ള പ്ലാനെറ്റ് മേഴ്‌സി സ്ഥാപകനുമായ ഡോ. സയ്യിദ് മുഹമ്മദ് യഹ്‌യ നിനോവി ഉദ്ഘാടനം ചെയ്യും. യു.കെ, ഹോങ്കോംഗ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് സൗഹൃദ പ്രതിനിധികൾ സംബന്ധിക്കും. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഡോ. എറിക് ശുഐബ് വിങ്ക്ൾ, വയനാട് ഹസ്സൻ മുസ്‌ലിയാർ, എൻ. അലിമുസ്‌ലിയാർ കുമരംപൂത്തൂർ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, മാരായ മംഗലം അബ്ദുറഹ്മാൻ ഫൈസി സംബന്ധിക്കും.

 

%d bloggers like this: