പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുക: ഖലീലുൽ ബുഖാരി തങ്ങൾ

മലപ്പുറം: ദുരന്തങ്ങളിൽ നിന്നു പാഠമുൾക്കൊണ്ട് ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഓരോ വ്യക്തിയും തയ്യാറാവണമെന്ന് മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി പറഞ്ഞു. വൈസനിയം മഹബ്ബ കോൺഫറൻസിന്റെ ഭാഗമായി സ്വലാത്ത് നഗറിൽ നടന്ന മത വിദ്യാർത്ഥി സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചെന്നൈയിലെ മഴദുരന്തം എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. വർഷത്തിൽ ശുഷ്‌കമായി മാത്രം മഴപെയ്യുന്ന മഹാനഗരം മുഴുവൻ വെള്ളത്തിനടിയിലായി എന്നത് മനുഷ്യന്റെ നിസ്സഹായാവസ്ഥയെയാണ് കാണിക്കുന്നത്. ജീവിതത്തിലും കാഴ്ചപ്പാടിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും പ്രകൃതിയുടെ താളം തെറ്റിക്കാതെയുള്ള ആസൂത്രണങ്ങൾ ചെയ്യുകയും വേണം – അദ്ദേഹം അഭിപ്രായപ്പെട്ടു.
സംഗമത്തിൽ, ചെന്നൈയിൽ മഴക്കെടുതിയിൽ കഷ്ടപ്പാടുകളനുഭവിക്കുന്നവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി. ഇന്ന് എല്ലാ പള്ളികളിലും ജുമുഅ നിസ്‌കാരശേഷം പ്രത്യേകം ദുആ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബ്ദുൽ ഗഫൂർ സഖാഫി കാവനൂർ, അബ്ദുന്നാസിർ അഹ്‌സനി കരേക്കാട്, ശഫീഖ് മിസ്ബാഹി, ബശീർ സഅദി വയനാട് എന്നിവർ നേതൃത്വം നൽകി.