Menu Close
Ninovi

പാരമ്പര്യനിരാസം ഭീകരത വളർത്തി: ഡോ. സയ്യിദ് മുഹമ്മദ് നിനോവി

മലപ്പുറം: പ്രവാചക ചര്യയെയും പൂർവ്വസൂരികളായ പണ്ഡിതരുടെ മാർഗത്തെയും തള്ളിപ്പറഞ്ഞ് പാരമ്പര്യത്തിന്റെ വേരുകളറുത്തതാണ് ഇസ്‌ലാമിന്റെ പേരിലുള്ള ഭീകര പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയതെന്ന് പ്രമുഖ മുസ്‌ലിം പണ്ഡിതനും അമേരിക്കയിലെ പ്ലാനെറ്റ് മേഴ്‌സി സ്ഥാപകനുമായ ഡോ. ശൈഖ് സയ്യിദ് മുഹമ്മദ് നിനോവി അഭിപ്രായപ്പെട്ടു. സിറിയയിലും ഇറാഖിലും യമനിലുമുൾപ്പെടെ മുസ്‌ലിം രാജ്യങ്ങളിലും അറബ് രാജ്യങ്ങൾക്കപ്പുറവും ഇസ്‌ലാമിനു വേണ്ടിയെന്ന രീതിയിൽ നടക്കുന്ന ഭീകരതയുടെ അടിത്തറ രാഷ്ട്രീയത്തിനും സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഇസ്‌ലാമിക ദർശനങ്ങളെ വളച്ചൊടിച്ചതാണ്. മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹബ്ബ കോൺഫറൻസിന്റെ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാരുണ്യമാണ് ഇസ്‌ലാമിക ജീവിതത്തിന്റെ മുഖമുദ്ര. അതില്ലാതെ വിശ്വാസം പൂർണമാകില്ല. മതങ്ങളുടെ പേരിൽ അരാജകത്വം പ്രചരിപ്പിക്കുന്ന കാലത്ത് അവയുടെ സ്‌നേഹഭാവം ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാവണം എല്ലാവരുടെയും ശ്രമം. അതാണ് മുസ്‌ലിംകൾക്ക് ഇസ്‌ലാമിനോടും കാലത്തോടും ചെയ്യാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം – അമേരിക്കയിലെ അറ്റ്‌ലാന്റ ആസ്ഥാനമായുള്ള മദീന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൂടിയായ സയ്യിദ് മുഹമ്മദ് നിനോവി പറഞ്ഞു.
വൈകുന്നേരം 4ന് പ്രമുഖ ഹദീസ് ഗ്രന്ഥമായ ‘ശമാഈൽ തിർമുദി’യെ അടിസ്ഥാനമാക്കിയുള്ള ഹദിസ്-പണ്ഡിത സംഗമം നടന്നു. മഅദിൻ അക്കാദമിയുടെ 40 ദിവസം നീണ്ടു നിൽക്കുന്ന നബിദിന കാമ്പയിൻ പ്രഖ്യാപനവും വേദിയിൽ നടന്നു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷനായിരുന്നു. പ്രമുഖ ഇസ്‌ലാമിക ചിന്തകനായ ഡോ. എറിക് ശുഐബ് വിങ്ക്ൾ മുഖ്യാതിഥിയായി സംബന്ധിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ, ഹബീബ് കോയതങ്ങൾ ചെരക്കാ പറമ്പ്, സയ്യിദ് ഇസ്മാഈലുൽ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാൻ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, വയനാട് ഹസ്സൻ മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എൻ. അലിമുസ്‌ലിയാർ കുമരംപൂത്തൂർ, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, മാരായ മംഗലം അബ്ദുറഹ്മാൻ ഫൈസി, താഴപ്ര മൊയ്തീൻ കുട്ടി മുസ്‌ലിയാർ, എ.കെ അബ്ദുൽ ഹമീദ്, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ സംബന്ധിച്ചു.
മഹബ്ബ കോൺഫറൻസിന്റെ ഭാഗമായി ശനിയാഴ്ച ‘മെഡ് ഹിൽഫെ’ എന്ന പേരിലുള്ള മെഗാ മെഡിക്കൽ ക്യാമ്പ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പത്തോളം സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് ഒരുക്കുന്നത്.

 

%d bloggers like this: