പതിനായിരങ്ങൾക്ക് ആത്മീയാനുഭൂതി പകർന്ന് മഅ്ദിൻ മുഹറം സമ്മേളനം സമാപിച്ചു

മലപ്പുറം: വിശുദ്ധമായ മുഹർറം പത്തിന്റെ പുണ്യദിനത്തിൽ മഅ്ദിൻ കാമ്പസിൽ ഒരുമിച്ചു കൂടിയ പതിനായിരങ്ങൾക്ക് ആത്മീയാനുഭൂതി പകർന്ന് മഅ്ദിൻ മുഹറം സമ്മേളനം സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങൾ ആശൂറാഉം വെള്ളിയാഴ്ചയും ഒരുമിച്ച പകലിനെ ദിക്‌റുകളും തഹ്‌ലീലുകളും തസ്ബീഹുകളും പ്രാർത്ഥനയും കൊണ്ട് ധന്യമാക്കി.
രാവിലെ എട്ടുമണിക്ക് മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ ആരംഭിച്ച പരിപാടി നോമ്പുതുറയോടെ സമാപിച്ചു. കാൽ ലക്ഷം പേർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. സയ്യിദന്മാരും പണ്ഡിതന്മാരും അണിനിരന്ന പരിപാടിയിൽ ആശൂറാഅ് സംഗമത്തിന് പുറമെ പ്രവാചക പൗത്രൻ സയ്യിദ് ഹുസൈൻ (റ), കവരത്തി സയ്യിദ് മുഹമ്മദ് കാസിം വലിയുല്ലാഹി എന്നിവരുടെ ആണ്ട് നേർച്ചയും നടക്കുന്നു.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. വ്യക്തിപരമായും സാമൂഹികമായും പ്രതിസന്ധികൾ നേരിടുന്ന മനുഷ്യന് അത്താണിയാണ് മുഹറം പോലുള്ള വിശുദ്ധാവസരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യകുലത്തിന് എണ്ണമില്ലാത്ത അനുഗ്രഹങ്ങൾ ചൊരിഞ്ഞ ദിവസമാണിത്. ഇത്തരം അവസരങ്ങൾ വ്യക്തികളെയും സമൂഹങ്ങളെയും ഒരുമിപ്പിക്കാനുള്ളതാണ്. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയ വൈജാത്യങ്ങളുടെയും പേരിൽ കലുഷിതാവസ്ഥ സൃഷ്ടിക്കുന്നവർ ഈ വസ്തുത ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേരറുക്കാനുള്ള കുത്സിത ശ്രമങ്ങളിൽ വിശ്വാസികൾ അകപ്പെട്ടു പോകരുത്. ഒരു തെറ്റായ സന്ദേശം മതി ഒരു നാടിനെയൊന്നാകെ ചാമ്പലാക്കാൻ. ഇപ്പോൾ ഉത്തരേന്ത്യയുടെ ചിലഭാഗങ്ങളിൽ നിന്ന് കേട്ടുവരുന്ന ഇത്തരം ഭയാനകമായ അനുഭവങ്ങൾ ഇനി ആവർത്തിക്കരുത്. അസഹിഷ്ണുതയുടെ നാമ്പുകളെ കേരളത്തിലേക്കു പടർത്താനുള്ള ശ്രമങ്ങളെ മത, സാമുദായിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നിച്ചെതിർത്തു തോൽപ്പിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജുമുഅ നിസ്‌കാരാനന്തരം അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി മുഹർറം മാസത്തിന്റെ ചരിത്ര സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു. സയ്യിദ് ഇസ്മാഈലുൽ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ, സയ്യിദ് ഹുസൈൻ അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ബേപ്പൂർ ഖാസി പി.ടി അബ്ദുൽ ഖാദിർ മുസ്‌ലിയാർ, ഹംസക്കോയ ബാഖവി കടലുണ്ടി, ഇബ്‌റാഹീം ബാഖവി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബൂബക്കർ സഖാഫി അഗത്തി തുടങ്ങിയവർ സംബന്ധിച്ചു.

%d bloggers like this: