ജ്യോമെട്രി ഓഫ് മിസ്റ്റിസിസം: മഅ്ദിൻ അക്കാദമിയിൽ പഞ്ചദിന പഠനവേദി

മലപ്പുറം: ഇസ്‌ലാമിക ആധ്യാത്മിക പാരമ്പര്യത്തെക്കുറിച്ചും ദർശന സൗന്ദര്യത്തെപ്പറ്റിയും അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പഠനവേദി മഅ്ദിൻ അക്കാദമിയിൽ സംഘടിപ്പിക്കും. ഈ മാസം 9 മുതൽ 12 വരെ നടക്കുന്ന വൈസനിയം മഹബ്ബ കോൺഫറൻസിനോടനുബന്ധിച്ച് ഒരുക്കുന്ന വർക്ക് ഷോപ്പിന് പ്രശസ്ത അമേരിക്കൻ ഇസ്‌ലാമിക ചിന്തകൻ ഡോ. എറിക് ശുഐബ് വിങ്ക്ൾ നേതൃത്വം നൽകും.

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും സൂഫീ ഗുരുവുമായ ശൈഖ് മുഹ്‌യിദ്ധീൻ ഇബ്‌നു അറബിയുടെ വിഖ്യാത ഗ്രന്ഥമായ ‘ഫുതൂഹാതുൽ മക്കിയ്യ’യെ മുൻനിർത്തിയാണ് ഇസ്‌ലാമിക തത്വചിന്തയെപ്പറ്റിയുള്ള ഈ സവിശേഷ വേദി. ഇബ്‌നു അറബിയുടെ സ്‌നേഹ മാർഗം, മാനവ ശാസ്ത്രത്തിലെ പുതു പ്രവണതകൾ, ഫുതൂഹാതുൽ മക്കിയ്യയുടെ ഭാഷാന്തരം, ക്ലാസിക്കൽ അറബിയുടെ പരിഭാഷയിലുള്ള വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിക്കൊണ്ടുള്ളതായിരിക്കും പരിപാടികൾ.
ഇസ്‌ലാമിക സൂഫിസത്തെക്കുറിച്ച് രണ്ടു പതിറ്റാണ്ടിലധികമായി ഗവേഷണം നടത്തുന്ന ഡോ. എറിക്, ഫുതുഹാതുൽ മക്കിയ്യയുടെ ഇംഗ്ലീഷ് വിവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കൻ – യൂറോപ്യൻ സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായിട്ടുള്ള അദ്ദേഹം പ്രശസ്തമായ ഫുൾബ്രൈറ്റ് സ്‌കേളർഷിപ്പ് സമിതിയുമായി യോജിച്ചു പ്രവർത്തിച്ചിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം 4ന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ നടക്കും. തുടർന്ന് 11, 16, 17 തിയ്യതികളിൽ മഅ്ദിൻ കാമ്പസിലാണ് പഠനവേദി നടക്കുക. നേരത്തെ രജിസ്റ്റർ ചെയ്തവർക്കാണ് പ്രവേശനം. വിവരങ്ങൾക്ക് www.madin.edu.in സന്ദർശിക്കുക.

%d bloggers like this: