Menu Close

ആയിരങ്ങൾക്ക് ആശ്വാസമേകി വൈസനിയം മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ആതുര സേവന സംരംഭമായ ഹോസ്‌പൈസ് മെഡിക്കൽ കെയറിനു കീഴിൽ, വൈസനിയം മഹബ്ബ കോൺഫറൻസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡ്ഹിൽഫെ മെഗാ മെഡിക്കൽ ക്യാമ്പ് കേരള ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യ സംരക്ഷണ രംഗത്ത് മഅ്ദിൻ പോലെയുള്ള സന്നദ്ധ സംഘടമകളുടെയും സ്ഥാപനങ്ങളുടെയും ഇടപെടൽ അനിവാര്യമാണ്. ഈ രംഗത്ത് ഒട്ടേറെ കാര്യങ്ങൾ സർക്കാർ സംവിധാനങ്ങൾ വഴി ചെയ്യുന്നുണ്ടെങ്കിലും അതിന് പരിതിയും പരിമിതികളുമുണ്ട്. മെഡ്ഹിൽഫെ മെഗാമെഡിക്കൽ ക്യാമ്പിലൂടെ മഅ്ദിൻ അക്കാദമി കാണിച്ചത് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉത്തമ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
അരവിന്ദ് കണ്ണാശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, എം.ഇ.എസ് മെഡിക്കൽ കോളേജ്, കിംസ് അൽഷിഫ, കെ.എം.സി.ടി മെഡിക്കൽ കോളേജ് തുടങ്ങിയ കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രികളുടെ സഹകരണത്തോടെ പ്രമേഹം, ഹൃദയം, ക്യാൻസർ, കിഡ്‌നി, കണ്ണ്, ചർമ്മം, ഡെന്റൽ, ഇ.എൻ.ടി, ജനറൽ മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ക്യാമ്പ്. രണ്ടായിരത്തിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. രോഗികൾക്കാവശ്യമായ മരുന്നുകളും ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്തു. ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദേശിച്ച നേത്രരോഗികൾ ക്യാമ്പിന്റെ ഭാഗമായി പ്രത്യേകം ഏർപ്പെടുത്തിയ വാഹനത്തിൽ ഇന്ന് 9 മണിക്ക് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് പുറപ്പെടും. മുപ്പത്തഞ്ച് രോഗികൾക്കാണ് മെഡിക്കൽ ക്യാമ്പിലൂടെ സൗജന്യ തിമിരശസ്ത്രക്രിയ ലഭ്യമാക്കിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പ് 3 മണി വരെ നീണ്ടുനിന്നു.
ചടങ്ങിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. ഡോ. എറിക് ശുഐബ് വിങ്കിൾ അമേരിക്ക മുഖ്യഥിതിയായിരുന്നു. 76 വർഷം ശരാശരി ആയുർ ദൈർഘ്യമുള്ള അമേരിക്കയിൽ വർഷത്തിൽ ഇരുപതിനായിരം ഡോളറാണ് ആരോഗ്യ രക്ഷാ സംവിധാനങ്ങൾക്കുവേണ്ടി ചിലവഴിക്കുന്നത്.എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന്റെ പത്ത് ശതമാനം മാത്രം ചിലവഴിക്കുന്ന കേരളത്തിൽ ശരാശരി ആയുർദൈർഘ്യം 74 വയസ്സാണ്. ഇത് കേരളത്തിന് പാരമ്പര്യമായി ലഭിച്ച ആയുർവ്വേദമുൾപ്പടെയുള്ള ചികിത്സാ രീതികളുടെയും ജീവിതശൈലിയുടെയും ഫലമാണ്. ആരോഗ്യരംഗത്തെ കേരള മിറക്കിൾ എന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമറുൽ ഫാറൂഖ്, ഡോ. ഇ.എൻ അബ്ദുൽ ലത്വീഫ്(മെഡിക്കൽ കോളേജ്, കോഴിക്കോട്), മലപ്പുറം മുനിസിപ്പൽ വൈ. ചെയർമാൻ സൈദ്, കൗൺസിലർമാരായ ഇ. കെ മൊയ്തീൻ, ജലീൽ കോണോംപാറ, മഅ്ദിൻ ദഅ്‌വാ കോളേജ് പ്രിൻസിപ്പൽ ഇബ്‌റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, ഇബ്‌റാഹീം കൊടുവള്ളി, രായീൻകുട്ടി ഹാജി, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. മെഡ്ഹിൽഫെ മെഡിക്കൽ ക്യാമ്പ് ചീഫ് കോ ഓഡിനേറ്റർ ടി. എ ബാവ സ്വാഗതവും ഉമർ മേൽമുറി നന്ദിയും പറഞ്ഞു.

 

%d bloggers like this: