മെഡ്ഹിൽഫെ

ആയിരങ്ങൾക്ക് ആശ്വാസമായി മെഡ്ഹിൽഫെ മെഗാമെഡിക്കൽ ക്യാമ്പിനു സമാപനം

മലപ്പുറം: ആയിരക്കണക്കിനു പേർക്ക് ആശ്വസമായി രണ്ടാമത് മഅ്ദിൻ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തിനു കീഴിൽ നടപ്പിലാക്കുന്ന ആരോഗ്യ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് കർണാടക ആരോഗ്യമന്ത്രി യു.ടി ഖാദർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷനായിരുന്നു.

പകർച്ചവ്യാധികളും മാറാരോഗങ്ങളും വർധിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ചികിത്സയെപ്പോലെ തന്നെ പ്രാധാന്യമുള്ളതാണ് രോഗ പ്രതിരോധവും ബോധവൽക്കരണവുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ രംഗത്ത് സർക്കാർ സംവിധാനങ്ങളും സർക്കാറേതര സന്നദ്ധ സംഘങ്ങളും ഒരുമിച്ചു പ്രവർത്തിക്കണം. ആരോഗ്യ മേഖലയിൽ വ്യത്യസ്തങ്ങളായ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മഅ്ദിൻ അക്കാദമി ഈയർത്ഥത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. മൂസക്കുഞ്ഞി ഹൃദയാരോഗ്യവും ജീവിതശൈലിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
കാൻസർ, ഹൃദ്രോഗം, എല്ലുരോഗം, ആസ്തമ-അലർജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. സ്തനാർബുദം കണ്ടെത്തുന്നതിനായുള്ള മാമ്മോഗ്രാം ടെസ്റ്റും മരുന്നുകളും സൗജന്യമായി നൽകി. ബാംഗ്ലൂരിലെ കിദ്വായ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഖലീൽ, ഡോ. മഹൻദേഷ്, ഡോ. അബ്ദുൽ ഹക്കീം, ഡോ. പ്രതിമ ശങ്കർ, ഡോ. സാബിർ, ഡോ. മുഹമ്മദ് ഹസ്സൻ എന്നിവർ സംബന്ധിച്ചു.

 

%d bloggers like this: