അവശതകൾ മറന്ന് അവർ ഒത്തുകൂടി, മഅ്ദിൻ അവർക്ക് സ്‌നേഹവിരുന്നൊരുക്കി

മലപ്പുറം: അരക്കെട്ടിന് താഴെ തളർവാതം ബാധിച്ച് അവശതകളനുഭവിക്കുന്ന രോഗികൾക്കായി മഅ്ദിൻ കാമ്പസിൽ ഒരുക്കിയ പാരാപ്ലീജിയ സ്‌നേഹ മീറ്റിൽ നിരവധി പേർ ഒത്തുകൂടി. ജീവിതം വീൽചെയറുകളിൽ തള്ളിനീക്കി ദൈനംദിന കൃത്യങ്ങൾക്ക് പോലും പ്രയാസപ്പെടുന്ന രോഗികൾക്ക് പ്രതീക്ഷകളുടെ പുതിയ വാതായനങ്ങളാണ് സ്‌നേഹ മീറ്റിലൂടെ തുറന്ന് നൽകിയത്.

തിരക്കുകൾ മാറ്റിവെച്ച് വിലപ്പെട്ട സമയം തങ്ങളോടൊപ്പം ചെലവഴിച്ച് ആവലാതികൾ കേട്ട് പരിഹാരങ്ങൾ നിർദേശിച്ച മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി സംഗമത്തിനെത്തിയവർക്ക് ആവേശം പകർന്നു. തളർവാതം ബാധിച്ച രോഗികളുടെ പ്രശ്‌നങ്ങൾ അധികാരികളിലേക്കെത്തിക്കുന്നതിനും സ്വന്തമായി ജീവിതമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംഗമത്തിൽ ചർച്ചചെയ്തു. വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും ഉൽപ്പാദനമേഖലകളിൽ കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും സംഗമത്തിൽ ധാരണയായി.

പാടിയും പറഞ്ഞും സ്‌നേഹവും സൗഹാർദവും പങ്കിട്ട നിമിഷങ്ങൾ ക്ഷണ വേഗത്തിൽ കടന്നുപോയി. നീറുന്ന വേദനകൾ പങ്കുവെച്ചവർക്ക് ഖലീൽ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചുകൊണ്ട് അവരെ ആശ്വസിപ്പിച്ചു. സംബന്ധിച്ചവർക്കെല്ലാം മഅ്ദിൻ അക്കാദമിയുടെ ഉപഹാരവും സാമ്പത്തിക സഹായവും ഖലീൽ തങ്ങൾ വിതരണം ചെയ്തു.

 

%d bloggers like this: