അന്താരാഷ്ട്ര സെമിനാറോടെ ഫിയസ്ത അറബിയ്യക്ക് സമാപനം

മലപ്പുറം: ഐക്യരാഷ്ട്രസഭയുടെ അറബിഭാഷാ ദിനാചരണത്തിന്‍റെ ഭാഗമായി സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ദശദിന ഫിയസ്ത അറബിയ്യ അന്താരാഷ്ട്ര സെമിനാറോടെ സമാപിച്ചു. സമാപന സംഗമം പ്രശസ്ത ബ്രിട്ടീഷ്കനേഡിയന്‍ കവിയും ചിന്തകനുമായ അബ്ദുല്‍ വദൂദ് പോള്‍ സതര്‍ലന്‍റ് ഉദ്ഘാടനം ചെയ്തു.

മനുഷ്യ ജീവിതത്തിലെ ഏറ്റവും വിസ്മയ ഭാവമാണ് ഭാഷയെങ്കിലും അവ വിവേചനത്തിനും ആസുരതകള്‍ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നുവെന്നത് ഈ കാലത്തിന്‍റെ ദുരന്തമാണെന്ന് അദ്ദേഹം പറഞ്ഞു.  സംസ്കാരവും വൈജ്ഞാനിക ജീവിതവും അസ്തമിക്കുമെന്നു ഭയപ്പെട്ട കാലത്ത് അറബി ഭാഷയും സംസ്കാരവും ലോകത്തിന് വെളിച്ചം പകര്‍ന്നു. യൂറോപ്പിനെ നവോത്ഥാനത്തിലേക്കു കൂട്ടിക്കൊണ്ടു പോയ അറബി ഭാഷ ഇന്ന് തെറ്റദ്ധരിപ്പിക്കപ്പെടുന്നുവെന്നത് വൈരുധ്യമാണ്. ഈ തെറ്റിദ്ധാരണ മാറ്റുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് അറബി ഭാഷാ സ്നേഹികളില്‍ നിന്നുണ്ടാവേണ്ടതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷനായിരുന്നു. സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, ഡോ.കെ.കെ.എന്‍ കുറുപ്പ്, കെ.സി അബൂബക്കര്‍ ഫൈസി കാവനൂര്‍, ഇബ്റാഹീം ബാഖവി മേല്‍മുറി, പ്രൊഫസര്‍ ഹുസൈന്‍ (ഇഫ്ലു ഹൈദറാബാദ്) ഫൈസല്‍ അഹ്സനി രണ്ടത്താനി, ശുക്കൂര്‍ അസ്ഹരി പറപ്പൂര്‍, സയ്യിദ് ഹുസൈന്‍ അഹമദാബാദ്, ഹാമിദ് ഹുസൈന്‍, അബ്ദുല്ലത്തീഫ് പൂവ്വത്തിക്കല്‍ സംസാരിച്ചു.
അറബി ഭാഷാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പണ്ഡിതരുടെ സംഗമം, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വര്‍ക്ഷോപ്പുകള്‍, രചനാ കാന്പുകള്‍, സാഹിത്യ കൂട്ടായ്മകള്‍, മത്സര പരിപാടികള്‍, യുവഗവേഷക സെമിനാര്‍ എന്നിവ ഫിയസ്തയുടെ ഭാഗമായി നടന്നു.

%d bloggers like this: