അന്താരാഷ്ട്ര അറബിക് ദിനാചരണം: മഅ്ദിന്‍ “ഫിയസ്ത അറബിയ്യഃ’ ഞായറാഴ്ച ആരംഭിക്കും

മലപ്പുറം: ലോക അറബിക് ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഫിയസ്ത അറബിയ്യ കാന്പയിന്് ഞായറാഴ്ച സ്വലാത്ത് നഗറില്‍ തുടക്കമാവും. ബുധനാഴ്ച വരെ നീളുന്ന വ്യത്യസ്ത പരിപാടികളില്‍ ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പ്രമുഖ യൂണിവേഴ്സിറ്റികളില്‍ നിന്നും മത്സരാര്‍ത്ഥികളും പ്രഭാഷകരും പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 8.30 ന് അഖില്യോ അറബിക് പ്രസംഗ മത്സരം നടക്കും. നൂറുകണക്കിന് അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുത്ത 40 പേരാണ് മത്സരത്തിനുണ്ടാവുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം ഒരു പവന്‍ അരപ്പവന്‍ കാല്‍പവന്‍ സ്വര്‍ണ നാണയങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. മികവു തെളിയിച്ച പത്തു പേര്‍ക്ക് ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡുകളുമുണ്ടാവും. കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ പി. നസീര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി അദ്ധ്യക്ഷനായിരിക്കും. പ്രൊഫ. മുഹമ്മദ് ആലുങ്ങല്‍, പ്രൊഫ. അബൂബക്കര്‍ മണ്ടാളില്‍ സംബന്ധിക്കും.
18ന് നടക്കുന്ന ദേശീയ സെമിനാര്‍ ഹൈദരാബാദിലെ ഉസ്മാനിയ്യ യൂണിവേഴ്സിറ്റി അറബിക് പഠന വിഭാഗം തലവന്‍ ഡോ. മുഹമ്മദ് മുസ്തഫ ഷരീഫ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റഹീമുല്‍ ഖലീലുല്‍ ബുഖാരി അറബിക് ദിന സന്ദേശം നല്‍കും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി ആശംസകള്‍ അറിയിച്ചു സംസാരിക്കും. പ്രൊഫ. കെ. വി വീരാന്‍ മൊയ്തീന്‍ , ഡോ. എന്‍. അബ്ദുല്‍ ജബ്ബാര്‍, ഡോ. പി അഹ്മദ് സഈദ്, ഡോ. പി.പി അബ്ദുല്‍ ലത്വീഫ് ഫൈസി തുടങ്ങിയവര്‍ ആധുനിക അറബി ഭാഷാ സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ജാമിഅ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മോഡറേറ്ററായിരിക്കും.
അറബി ഭാഷക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും. പുരസ്കാരങ്ങള്‍ ബുധനാഴ്ച നടക്കുന്ന സമാപന സംഗമത്തില്‍ വിതരണം ചെയ്യും. അറബി ഭാഷാസാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പണ്ഡിതരുടെ സംഗമം, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വര്‍ക്ഷോപ്പുകള്‍, രചനാ കാന്പുകള്‍, സാഹിത്യ കൂട്ടായ്മകള്‍ എന്നീ പരിപാടികളും ഫിയസ്ത അറബിയ്യയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിവരങ്ങള്‍ക്ക്: 9746151640, 9947846210..